തിരുവനന്തപുരം ∙ പ്ലാസ്റ്റിക്കും ചില്ലുകുപ്പിയും പാഴിരുമ്പ് വസ്തുക്കളും പാൽ കവറും ഉൾപ്പെടെ പുനരുപയോഗ സാധ്യതയുള്ള മാലിന്യങ്ങൾ ശേഖരിച്ചതുവഴി കിട്ടിയത് 25.01 ലക്ഷം രൂപ. പതിനാറായിരത്തിൽപരം ഹരിതകർമസേനാംഗങ്ങൾക്കായി 25.01 ലക്ഷം രൂപയാണ് തദ്ദേശ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്തത്.
സംസ്ഥാന സർക്കാരിനു കീഴിലുള്ള ക്ലീൻ കേരള കമ്പനിയാണു പ്രതിഫലത്തുക കൈമാറിയത്. കണ്ണൂർ ജില്ലയിൽ (48 ടൺ) 4.57 ലക്ഷം രൂപയാണു പ്രതിഫലമായി വിതരണം ചെയ്യുക.
പ്ലാസ്റ്റിക്കിന് കിലോഗ്രാമിന് 18 രൂപ വരെയാണ് ഹരിത കർമസേനാംഗങ്ങൾക്കു കൊടുക്കുന്നത് റിപ്പോർട്ട്. ഉപയോഗിച്ച പാൽ കവറിനു 12 രൂപയായിരിക്കും(കിലോയ്ക്കു) ലഭിക്കുക. ചില്ലു കുപ്പിക്കൊന്നു ഒരു രൂപയും പ്ലാസ്റ്റിക് മദ്യക്കുപ്പിക്കു 12 രൂപ(ഒരു കിലോ)യും കിട്ടും.
അട്ടിയാക്കിയത്, അല്ലാത്തത്– വില ഇങ്ങനെയാണ്
കട്ടി പ്ലാസ്റ്റിക് –18 രൂപ/6 രൂപ, പെറ്റ് ബോട്ടിൽ 15/12, പ്ലാസ്റ്റിക് മദ്യക്കുപ്പി 12/10,
പാൽ കവർ 12/10, പഴയപത്രങ്ങൾ 8/6, കാർഡ്ബോർഡ് 4/3, നോൺ വുവൻ ബാഗുകൾ 5/3, ബിബി (മിക്സ് പേപ്പർ) ബാഗുകൾ പോലുള്ളവ 5/4, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന പോളിപ്രൊപ്പിലീൻ കണ്ടെയ്നറുകൾ 15/10,
കോസ്മറ്റിക് വസ്തുക്കളും എണ്ണയും മറ്റും സൂക്ഷിക്കുന്ന എച്ച്ഡിപി (ഹൈ ഡെൻസിറ്റി പോളിഎത്തിലിൻ) കുപ്പികൾ 17/15, പ്ലാസ്റ്റിക് ചരടുകളും വാഹനഭാഗങ്ങളും നിർമിക്കുന്ന പോളിപ്രൊപ്പിലീൻ 15/10, അലുമിനിയം കാൻ 40/30, സ്റ്റീൽ 20/15, പാഴ് ഇരുമ്പു വസ്തുക്കൾ 15 രൂപ, ചില്ലു മാലിന്യം 0.75 രൂപ, ചില്ലു കുപ്പി ഒരെണ്ണത്തിന് 1 രൂപ.
Photo by mali maeder from Pexels