സംസ്ഥാനത്തെ 2012–22 വർഷത്തെ മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കു സംസ്ഥാന സർക്കാർ നൽകി വരുന്ന സ്വരാജ് ട്രോഫി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജില്ലയിലെ മികച്ച പഞ്ചായത്തായി തിരുവാർപ്പിനെ പ്രഖ്യാപിച്ചു.
സംസ്ഥാനതലത്തിൽ മികച്ച ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫിയും 25 ലക്ഷം രൂപ പ്രത്യേക പദ്ധതി സഹായധനമായും ലഭിക്കും. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ഗ്രാമപഞ്ചായത്തുകൾക്ക് സ്വരാജ് ട്രോഫിയും പദ്ധതി സഹായധനമായി 10 ലക്ഷം രൂപ വീതവും ലഭിക്കും. രണ്ടാം സ്ഥാനം നേടുന്ന പഞ്ചായത്തുകൾക്ക് സാക്ഷ്യപത്രവും കൂടാതെ പ്രത്യേക പദ്ധതി സഹായധനമായി 5 ലക്ഷം രൂപ വീതവും ലഭിക്കുന്നതാണ്.
ഒന്നാം സ്ഥാനം നേടുന്ന മുനിസിപ്പാലിറ്റിക്കും ബ്ലോക്ക് പഞ്ചായത്തിനും സ്വരാജ് ട്രോഫിയും പദ്ധതി സഹായധനമായി 25 ലക്ഷം രൂപ വീതവും രണ്ടാം സ്ഥാനം നേടുന്ന സ്ഥാപനങ്ങൾക്ക് 15 ലക്ഷം രൂപ വീതവും മൂന്നാം സ്ഥാനം നേടുന്ന സ്ഥാപനങ്ങൾക്ക് 10 ലക്ഷം രൂപ വീതവും പദ്ധതി സഹായധനമായി ലഭിക്കുന്നതാണ്. മികച്ച മുനിസിപ്പൽ കോർപ്പറേഷനും ജില്ലാ പഞ്ചായത്തിനും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും നൽകി് ആദരിക്കുന്നു.
. 1995-96 വർഷം മുതലാണ് മികച്ച ഗ്രാമപഞ്ചായത്തുകളെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും തെരഞ്ഞെടുത്ത് ട്രോഫിയും ക്യാഷ് അവാർഡും സാക്ഷ്യപത്രവും നൽകി ആദരിച്ചുവരുന്നത്. എന്നാൽ 1996-97 മുതൽ മഹാത്മജി വിഭാവനം ചെയ്ത ഗ്രാമസ്വരാജിനെ അനുസ്മരിച്ചുകൊണ്ട് ട്രോഫിയ്ക്ക് സ്വരാജ് ട്രോഫി എന്ന് നാമകരണം ചെയ്തു. 1999-2000 മുതൽ മുനിസിപ്പാലിറ്റികൾക്കും 2000-01 മുതൽ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറഷൻ എന്നിവയ്ക്കും സ്വരാജ് ട്രോഫി ഏർപ്പെടുത്തി.
ഓരോ ജില്ലയിലെയും മികച്ച ഒന്ന്, രണ്ട് പഞ്ചായത്തുകൾ:
തിരുവനന്തപുരം: ഉഴമലയ്‌ക്കൽ, മംഗലപുരം
കൊല്ലം: പടിഞ്ഞാറേ കല്ലട, ശാസ്‌താംകോട്ട
പത്തനംതിട്ട: തുമ്പമൺ, ഇരവിപേരൂർ
ആലപ്പുഴ: മുട്ടാർ, കാർത്തികപ്പള്ളി
കോട്ടയം: തിരുവാർപ്പ്, എലിക്കുളം
എറണാകുളം: രായമംഗലം, പാലക്കുഴ
ഇടുക്കി: വെള്ളത്തൂവൽ, ചക്കുവള്ളം
തൃശൂർ: എളവള്ളി, കൊരട്ടി
പാലക്കാട്: വെള്ളിനേഴി, കൊരട്ടി
മലപ്പുറം: എടപ്പാൾ, ആനക്കയം
വയനാട്: മീനങ്ങാടി, നൂൽപ്പുഴ
കോഴിക്കോട്: മരുതോങ്കര, ചേമഞ്ചേരി
കണ്ണൂർ: കതിരൂർ, കരിവെള്ളൂർ പെരളം
കാസർകോട്: ബേഡടുക്ക, വലിയപറമ്പ
